My Musings on Sabarimala (in Malayalam)
ഞങ്ങളുടെ ശബ്ദം കേൾപ്പിക്കാൻ ഒരവസരത്തിനായി
കാത്തിരിക്കുകയായിരുന്നു എന്ന് ലോകത്തോട് വിളിച്ചു
പറയുകയാണിന്ന് മലയാള കരയിലെ സ്ത്രീശക്തി. തങ്ങളെ
പ്രതിനിധികരിക്കേണ്ടത് ശീതികരിച്ച മുറികളിലിരിക്കുന്ന
അക്കാഡമിക്ക് ആക്ടിവിസ്റ്റുകളല്ല, അവർക്കുമുണ്ട് തനതായൊരു
ശബ്ദം എന്നു തെളിയിക്കുകയാണ് #readytowait, കാത്തിരിക്കാൻ
ഞങ്ങൾ തയ്യാറാണ് എന്ന ഓൺലൈൻ ക്യാബയിനിലൂടെ
അമ്മമാരും സഹോദരിമാരും . ലോകത്തിന്റെ വിവിധ
കോണുകളിൽ നിന്നും സമൂഹത്തിലെ വ്യത്യസ്ഥ മേഖലകളിൽ
പ്രവർത്തിക്കുന്ന - ജർമ്മനിയിൽ നിന്നും അഞ്ജലി ജോർജജ്,
ദുബൈയിൽ നിന്നും ശിൽപാ നായർ, ഡൽഹിയിൽ നിന്നും രാധികാ
മേനോൻ, ഹൈദരാബാദിൽ നിന്നും പത്മാപ്പിള്ള ,കേരളത്തിൽ
നിന്നും സുജ പവിത്രൻ, ശാലിനി പിള്ള, കൃഷ്ണപ്രിയ, മഞ്ജു
പണിക്കർ - എന്നിങ്ങനെ വിരലിലെണ്ണാവുന്ന സ്ത്രീകൾ അയ്യപ്പ
സ്വാമിയെ കാണാൻ കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണെന്ന് ഒരേ
സ്വരത്തിൽ പ്രഖ്യാപിച്ചപ്പോൾ, അഭൂതപൂർവ്വമായ സ്വീകരണമാണ്
ആ കൂട്ടായ്മയ്ക്ക് ലഭിച്ചത്. ബുദ്ധിജീവി വർഗ്ഗത്തിന്റെ നാട്യങ്ങൾ
അന്യമായ സാമൂഹ്യ മാധ്യമങ്ങളിലെ സാധാരണക്കാർ
ഇതേറ്റെടുക്കുന്ന കാഴ്ചയാണ് പിന്നീട് നമ്മൾ കണ്ടത്. അയ്യപ്പ
സ്വാമിയുടെ ദർശനം മുൻ ജന്മ സുകൃതമായി കരുതുന്നവരും
മണ്ഡലകാല വ്രതം ഒരു വികാരമായി കൊണ്ടു
നടക്കുന്നവരുമൊക്കെ ഒന്നിച്ചണി നിരന്നപ്പോൾ രണ്ടു ദിവസം
കൊണ്ട് തന്നെ ദേശീയ മാധ്യമങ്ങളിൽ ചർച്ചാ വിഷയമായി ഈ
ഹാഷ് ടാഗ്. കേട്ടാലറയ്ക്കുന്ന ഭാഷയിൽ ആചാരങ്ങളെ വെല്ലു
വിളിച്ച് വിശ്വാസികളെന്ന മേലങ്കി സ്വയം എടുത്തണിയുന്ന
അഭിനവ കപട സാമൂഹ്യ പരിഷ്കർത്താക്കൾക്ക് കിട്ടിയ
ഒന്നാന്തരം തിരിച്ചടി കൂടിയാണിത്.
ശബരിമലയിലെ ആചാരങ്ങളിൽ സ്ത്രീ വിരുദ്ധത
ആരോപിച്ചാണ് ചിലർ പ്രാർത്ഥിക്കാനുള്ള അവകാശവുമായി
രംഗത്തെത്തിയിരിക്കുന്നത്. കൊളോണിയൽ യജമാനൻമാർ
പഠിപ്പിച്ചിട്ട് പോയ പാഠങ്ങൾ ആവർത്തിച്ച് ഉരുവിടുകയാണ്
ആധുനിക ഫെമിനിസ്റ്റുകൾ. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം
കിട്ടിയതിനൊപ്പം ലഭിച്ചതാണ് സ്ത്രീകൾക്ക് വോട്ടവകാശമെന്നും
ശബരിമലയിൽ സ്ത്രീകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതു
കാരണം പൊരുതി നേടിയ അത്തരം അവകാശങ്ങൾക്ക്
മങ്ങലേൽക്കുകയാണെന്നും പ്രഖ്യാപിച്ചു കളഞ്ഞു ഒരു മഹാൻ.
മേമ്പൊടിയായി സതിയെന്ന തുറുപ്പു ചീട്ടും.
മറ്റു ലോക രാജ്യങ്ങളിലെന്നപ്പോലെ വോട്ടവകാശത്തിനായി
തെരുവികളിലേയ്ക്ക് ഇറങ്ങേണ്ട അവസ്ഥ ഭാരതീയ സ്ത്രീത്വത്തിന്
ഉണ്ടായിട്ടില്ല എന്നും സ്വാഭിമാനം സംരക്ഷിക്കാനായി ധീര രജപുത്ര
വനിതകൾ അവലംബിച്ച മാർഗ്ഗമായിരുന്നു സതി എന്നും ഇവർ
സൗകര്യ പൂർവ്വം മറക്കുന്നു. മെക്കാളെയുടെ വിദ്യഭ്യാസ പദ്ധതി
സൃഷ്ടിച്ച അപകർഷതാ ബോധമാണ് ഇത്തരം പ്രഖ്യാപനങ്ങളുടെ
ഊർജ്ജ ശ്രോതസ്സ്. ഭാരതീയ സംസ്കൃതിയുമായി ബന്ധപ്പെട്ട
എന്തിനെയും മോശമായി ചിത്രീകരിക്കുകയും അതിൽ നിന്നൊക്കെ
മാറി നടക്കുന്നതാണ് പരിഷ്കൃതിയുടെ ലക്ഷണമെന്നും
ധരിച്ചവശരായിരിക്കുന്ന അഭിനവ നെഹ്റുവിയൻ
ആഗ്ലോഫൈലുകൾക്കെതിരെയുള്ള പ്രഖ്യാപനം കൂടിയാകുന്നു
അതിനാൽ ഈ ഹാഷ് ടാഗ്.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെ ലിംഗസമത്വവുമായി
കൂട്ടിക്കുഴയ്ക്കുന്നവർ അറിയാൻ ശ്രമിക്കാത്തത് ഭാരതീയ വിശ്വാസ
പദ്ധതികളിൽ സ്ത്രീ പുരുഷ സങ്കല്പം കൃത്യമായ
നിർവചനങ്ങൾക്കുള്ളിൽ ഒതുങ്ങാത്ത ഒന്നാണെന്ന വസ്തുതയാണ്.
വിഷ്ണു മായയിൽ പിറന്ന മഹേശ്വര പുത്രനേക്കാൾ മറ്റാരെയാണ്
ഇതിനുദാഹരണമായി ചൂണ്ടി കാണിക്കാനാവുക? ശാക്തേയ
സമ്പ്രദായത്തിന്റെയും, ശക്തി പീഠങ്ങളുടെയും നാട്ടിൽ സ്ത്രീകൾക്ക്
ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു എന്ന് വിളിച്ചു
കൂവുന്നവർ സ്വയം അപഹാസ്യരാവുകയാണ്. പുരുഷന്മാർക്ക്
സ്വത്തവകാശം ലഭിക്കാൻ നിയമം കൊണ്ടു വരേണ്ടി വന്ന നാട്ടിലെ
ആചാരങ്ങൾ സ്ത്രീകൾക്ക് തുല്യനീതി നിഷേധിക്കുന്നവയാണെന്ന
വാദങ്ങൾ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുന്ന അല്പ
തിഷ്ണുക്കളുടെ ജല്പനങ്ങളാണ്.
ശബരിമലയിലെ ആചാരങ്ങളിൽ എവിടെയാണ് സ്ത്രീ വിരുദ്ധത?
ഗോപികമാർക്ക് കൃഷ്ണനോടുള്ള പ്രണയം പോലെ തന്നെ അതി
മനോഹരമാണ് മാളികപ്പുറത്തമ്മയ്ക്ക് അയ്യപ്പനോടുള്ള
പ്രണയവും. ആ കാത്തിരിപ്പിനോട് ഐക്യദാർഢ്യം
പ്രഖ്യാപിക്കുകയാണ് മാലയിടുന്ന മാളികപ്പുറങ്ങളും മാലയിടാതെ
വ്രതം നോൽക്കുന്ന ലക്ഷോപലക്ഷം സ്ത്രീ ജനങ്ങളും. മറ്റു
ക്ഷേത്രങ്ങൾക്കില്ലാത്ത പ്രത്യേകത ശബരിമലയ്ക്കു ലഭിക്കുന്നത്
അവിടേയ്ക്കുള്ള യാത്രയ്ക്കു വേണ്ടിയുള്ള
തയ്യാറെടുപ്പാണ്.ലക്ഷ്യമല്ല, അതിലേയ്ക്കുള്ള മാർഗ്ഗമാണ് പ്രധാനം
എന്നുള്ള ചൊല്ല് ഇവിടെ അന്വർത്ഥമാവുകയാണ്. മാലയിട്ട് വ്രതം
നോൽക്കുന്നത് വ്യക്തിയല്ല കുടംബം ഒന്നടങ്കമാണ്. മറ്റേത്
ക്ഷേത്രത്തിൽ പോകുമ്പോഴാണ് പുത്രന്മാർ അമ്മമാരുടെ കാൽതൊട്ട്
വണങ്ങുന്നത്. നാട്ടിലെ അമ്മമാർ മുഴുവൻ
ഇരുമുടിക്കെട്ടുനിറയ്ക്കുന്നതിലും നെയ് തേങ്ങ നിറയ്ക്കുന്നതിലും
പങ്കാളികളാവുന്നതും വഴി ചിലവിനും പൂജകൾക്കുമെന്നുമായി
കാശു നൽകുന്നതും? മലയാത്ര പോകുന്നവരേക്കാൾ
ധ്യാനനിർഭരമായ മനസ്സുമായാണ്അവർ മടങ്ങി വരുന്നതു വരെ
വീട്ടിലെ സ്ത്രീകൾ കഴിയുക. ഈ അവാച്യമായ അനുഭൂതി
തങ്ങളിൽ നിന്നും തട്ടി പറിക്കരുതെന്നും കൂടിയുള്ള
പ്രഖ്യാപനമാമാണ് കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണെന്നത്.
മണ്ഡലകാലം പലർക്കും ഇന്ന് വ്യാപാര സാദ്ധ്യതകളുടെ 'സീസൺ'
ആണെങ്കിലും അതോടൊപ്പം തന്നെ നല്ലൊരു ശതമാനം
അമ്മമാർക്കും ഭാര്യമാർക്കും മനസ്സമാധാനത്തിന്റെ കാലo
കൂടിയാണ് ഈ വ്രതക്കാലം. മദ്യോപയോഗം അതിന്റെ
മൂർദ്ധന്യത്തിൽ നിൽക്കുന്ന കേരളത്തിലെ പല കുടുംബങ്ങളിലും
ശാന്തിയുടെ ദിനങ്ങളാണ് മണ്ഡല കാലം കൊണ്ടു
വരുന്നത്.ഒരിക്കലും ഉപേക്ഷിക്കാൻ കഴിയില്ല എന്നു കരുതുന്ന
കാര്യങ്ങൾ വേണ്ടാന്നു വച്ച് തികഞ്ഞ ആത്മ നിയന്ത്രണത്തോടു
കൂടി ജീവിക്കുന്ന ആ ദിവസങ്ങൾ, തമോഗുണ പ്രധാനികളായ
ഗ്രഹസ്ഥാശ്രമികളെ സ്വാത്ഥIകന്മാരാക്കുന്ന പ്രതിഭാസത്തിനു
കൂടിയാണ് സാക്ഷ്യം വഹിക്കുന്നത്. മറ്റു മതസ്ഥരുടെ നൊയമ്പ്
കാലത്ത് വിശേഷാൽപ്പതിപ്പുകൾ ഇറക്കാൻ മത്സരിക്കുന്ന
മാധ്യമങ്ങൾ പക്ഷേ ഇവിടെ ഈ സാമൂഹ്യ വശത്തെ കണ്ടില്ലാന്ന്
നടിക്കുകയാണ് ഇതുവരെ ചെയ്തു പോന്നിട്ടുള്ളത്.
അയ്യപ്പ ദർശനത്തിനായി കാത്തിരിക്കാൻ തയ്യാറാണെന്ന് പറയുന്ന
സ്ത്രീകളെ ഭരിക്കുന്നത് നിർമലമായ ഭക്തിയെന്ന വികാരം
മാത്രമാണ്. അവരുടെ പിൻബലം വേദ തന്ത്ര ശാസ്ത്ര
വിചാരങ്ങളല്ല. അതിനാൽ തന്നെ ഗോസ്വാമിമാർ വേദങ്ങളിൽ നിന്ന്
സെമറ്റിക്ക് മതങ്ങളിലേതു പോലെ 1:1 എന്ന രീതിയിൽ
ഉദ്ധരണികൾ ഉപയോഗിക്കുമ്പോൾ ഉരുളയ്ക്കുപ്പേരിഎന്ന
രീതിയിൽ മറുപടി കൊടുക്കാൻ അവർക്കായെന്നു വരില്ല.
അവർക്കറിയാവുന്നത് സ്വയം അനുഭവിച്ചറിഞ്ഞ അയ്യപ്പ
ചൈതന്യത്തെ കുറിച്ച് മാത്രമാവും. അവരെ നയിക്കുന്നത്
നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യന്റെ ചൈതന്യം കാത്തു
സൂക്ഷിക്കേണ്ടത് തങ്ങളുടെ കൂടി ഉത്തരവാദിത്വമാണെന്ന
വിശ്വാസവും.
പ്രാർത്ഥിക്കാനുള്ള ആരുടെയും അവകാശം നിഷേധിക്കാൻ
ആർക്കുമാകില്ല. ഗോകർണ്ണം മുതൽ കന്യാകുമാരി വരെ
എണ്ണിയാലൊടുങ്ങാത്ത ശാസ്താ പ്രതിഷ്ഠകൾ നാടിന്റെ ചൈതന്യം
കാത്തു സൂക്ഷിക്കുന്നുണ്ട്. പശ്ചിമ ഘട്ടത്തോട്ട് ചേർന്നു കിടക്കുന്ന
പ്രദേശങ്ങളിലും തെക്കൻ തിരുവിതാംകൂറിലെ ആദിവാസി
ഊരുകളിലുമൊക്കെ വിളങ്ങുന്നത് ശ്രീധർമ്മശാസ്താവിന്റെ
ചൈതന്യം തന്നെയാണ്. ഇവിടങ്ങളിലെല്ലാം പ്രാർത്ഥനാ നിർഭരമായ
മനസ്സോടെ നിൽക്കുന്നവരാണ് പൂങ്കാവന വാാസനായ അയ്യനെ
കാണാൻ കാത്തിരിക്കാൻ തയ്യാറായി സ്ത്രീശക്തിയുടെ പ്രതീകമായി
അണിനിരക്കുന്നത്.
സനാതന ധർമ്മം വൈവിധ്യങ്ങളുടെ കലവറയാണ്. പരമമായ
സത്യം ഒന്നേയുള്ളു എന്ന കടുംപിടുത്തം ഭാരതീയ സംസ്കൃതിയ്ക്ക്
അന്യമായ ഒന്നാണ്. തർക്ക ശാസ്ത്രവും ന്യായ സൂത്രങ്ങളും
നമ്മുടെ തത്വചിന്താ പദ്ധതികളുടെ അവിഭാജ്യ ഘടകങ്ങളാണ്.
ശബരിമലയിലെ ആചാര നിഷ്ഠകളെ വിവാദത്തിലേയ്ക്ക്
വലിച്ചിഴച്ചവർ പക്ഷേ ലോകത്തിനു മുന്നിൽ ഭാരതീയ
സംസ്കാരത്തെ കടുംപിടുത്തങ്ങളുടെ കലവറയാക്കി
അവതരിപ്പിക്കുകയായിരുന്നു. ആർത്തവ രക്തത്തിന്റെ
അവിശുദ്ധിയുടെ പേരിൽ മാറ്റിയിരുത്തപ്പെട്ട വ്യക്തിത്വങ്ങൾ
മാത്രമായി മാറ്റുകയായിരുന്നു അവർ സ്ത്രീകളെ . ഈ
തെറ്റിദ്ധാരണ പൊളിച്ചടുക്കി #readytowait ക്യാമ്പയിനിന്റെ
അമരക്കാരും അതേറ്റു പിടിച്ചവരും. ആധുനീക സ്ത്രീത്വ ത്തിന്റെ
വിവിധ മുഖങ്ങൾ എടുത്തണിയുന്ന, സ്വതന്ത്ര ചിന്താഗതിയും
വ്യക്തിത്വവുമുള്ള ഈ വനിതകൾ ആവശ്യപ്പെട്ടത് ആരോഗ്യ
പരമായ ഒരു സംവാദത്തിനുള്ള അവസരം കൂടിയാണ്. ഒരു നേരം
പോലും മനസ്സു തുറന്ന് അയ്യപ്പാ എന്ന് മനസ്സു തുറന്ന്
വിളിച്ചിട്ടില്ലാത്തവർ അല്ല ഇത്തരം സംവാദങ്ങളെ
നിയന്ത്രിക്കേണ്ടതെന്നും വഴി തിരിച്ചു വിടേണ്ടതെന്നും അവർ
സമൂഹ മന:സാക്ഷിയെ ഓർമ്മപ്പെടുത്തുകയായിരുന്നു.
ബലപ്രയോഗങ്ങളുടെയോ വാഗ്വാദങ്ങളുടേയോ വേദിയാവേണ്ട
ഒന്നല്ല ഭക്തമാരുടെ പൂങ്കാവനം. ഈ പുണ്യഭൂമിയുടെ പവിത്രത
നിലനിർത്തേണ്ടത് ഇവിടത്തെ സാധാരണക്കാരിൽ
സാധാരണക്കാരായവരുടെ ആവശ്യമാണ്. ഉഛ നീചത്വങ്ങളില്ലാതെ
ജാതി ലിംഗ ഭേദ ചിന്തകളില്ലാതെ ശരണം വിളികളുമായി മല
ചവിട്ടുന്ന ഭക്തരുടെ അവകാശമാണ്. അതിലേയ്ക്കുള്ള ഉറച്ചൊരു
കാൽവയ്പ്പാവട്ടെ കാത്തിരിക്കാൻ തയ്യാറായവരുടെ ഈ കൂട്ടായ്മ.
Comments
Post a Comment